"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ടത്ത് വർക്കിക്ക് അഭിമാനിക്കാം. ഇതേ പേരിലുള്ള ചിത്രത്തിന്റെ ചലച്ചിത്രാവിഷ്കാരം സൃഷ്ടിച്ച ലോല പ്രണയഭാവങ്ങൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മലയാള സിനിമയെ വിട്ട് പോയിട്ടില്ല.
മഞ്ചാടിക്കുരുവിനെ സ്നേഹിക്കുന്ന, പ്രണയത്തിൽ ഗൃഹാതുരത്വം തേടുന്ന കഥാപാത്രങ്ങൾ നിറയുന്ന "പ്രണയവിലാസം' എന്ന ചിത്രമാണ് മലയാളത്തിലെ പൈങ്കിളി പരമ്പരയുടെ ഏറ്റവും പുതിയ മുഖം. പൈങ്കിളി എന്ന വാക്കിന് ദശാബ്ദങ്ങളായി ചാർത്തി നൽകിയ മോശം പ്രതിച്ഛായ ഏറെക്കുറെ മറച്ച് പിടിക്കുന്ന ചിത്രമാണ് ഇത്.
പ്രേമം, കാമം എന്നിവ വ്യത്യസ്തമാണെന്ന അണിയറപ്രവർത്തകരുടെ ആശയം, ഒരു കഥാപാത്രത്തെ കൊണ്ട് നേരിട്ട് പറയിപ്പിച്ചാണ് സംവിധായകൻ നിഖില്‍ മുരളി ചിത്രം തുടങ്ങുന്നത്.
ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ തിരക്കഥയുടെ ആദ്യഭാഗം പറയുന്നത് വില്ലേജ് ഓഫീസർ ആയ നായകനും ഭാര്യയും തമ്മിലുള്ള നിശബ്ദ അകൽച്ചയാണ്. മനോജ് കെ.യു അവതരിപ്പിച്ച വില്ലേജ് ഓഫീസർ കഥാപാത്രത്തിന്റെ വിവാഹേതര പ്രേമഭാവങ്ങൾ സ്ക്രീനിൽ മിന്നിമറയുന്നു.
വില്ലേജ് ഓഫീസറുടെ പൂർവകാല പ്രണയിനിയും കടന്ന് വരുന്നതോടെ, ചിത്രം കാണുന്ന പ്രേക്ഷകർ ചിലരെങ്കിലും വി.ജെ ജെയിംസിന്റ "പ്രണയോപനിഷത്ത്' എന്ന കഥ ഓർക്കാൻ സാധ്യതയുണ്ട്. മോഹൻലാൽ നിറഞ്ഞാടിയ "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന ചിത്രം പ്രസ്തുത കഥ ദൃശ്യവൽകരിച്ചിരുന്നതിനാൽ പ്രണയവിലാസം ആവർത്തന വിരസിതമായ ഒരു പ്രണകാവ്യമായി തീരുമോ എന്ന് ഒരുവേള പ്രേക്ഷകനെ ചിന്തിപ്പിക്കും.
എന്നാൽ കഥാഗതിയിലെ ഒരു പ്രധാന സംഭവത്തോടെ ചിത്രം ഫ്ലാഷ്ബാക്കിലേക്ക് മാറുന്നു. ഇതോടെ പങ്കാളിയുടെ പഴയ പ്രണയത്തിൽ അസൂയപെടുന്ന നായകനും പുതിയൊരു പ്രണയ കഥയും സ്ക്രീനിൽ വെളിവാകുന്നു.